കൊട്ടാരക്കര: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറില്‍ രണ്ട് സ്ത്രീകളും കൊച്ചു കുട്ടിയുമടക്കം ഏഴു പേരാണുണ്ടായിരുന്നത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ എംസി റോഡില്‍ മൈലം ഇഞ്ചക്കാട്ടായിരുന്നു അപകടം. പാരിപ്പള്ളി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എംസി റോഡിലെ സ്ഥിരം അപകട മേഖലയാണ് ഇഞ്ചക്കാട്. ഇവിടെ റോഡിനോട് ചേര്‍ന്നാണ് തോട് ഒഴുകുന്നത്. എന്നാല്‍ ബാരിക്കേഡുകളോ മുന്നറിയിപ്പു ബോര്‍ഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്.