പത്തനംതിട്ട: ശബരിമലയില്‍ നട തുറന്ന് ആദ്യ പത്തു ദിവസം കൊണ്ട് നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ വരവില്‍ ആണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. തീര്‍ത്ഥാടകരുടെ പ്രവാഹമാണ് ക്ഷേത്രത്തില്‍ കാണപ്പെടുന്നത്. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ദ്ധനവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.
52.55 കോടി രൂപയാണ് ക്ഷേത്രത്തിലെ ആകെ വരുമാനം. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത് അരവണയില്‍ നിന്നാണ്, 23.57 കോടി രൂപ. അപ്പം ഇനത്തില്‍ നിന്ന് 2.58 കോടിയും, കാണിക്കയായി 12.73 കോടിയും ലഭിച്ചു. മുറി വാടകയിനത്തില്‍ 48.84 ലക്ഷം, അഭിഷേകത്തില്‍ നിന്ന് 31.87 ലക്ഷവും കിട്ടിയിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം സന്നിധാനത്ത് തീര്‍ത്ഥാടകര്‍ കുറവായിരുന്നു. 9.92 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിലെ ആകെ വരുമാനം.