തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയൊരു മന്ത്രി മന്ദിരംകൂടി നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കായിക മന്ത്രി അബ്ദുറഹ്മാന് താമസിക്കാനുള്ള മന്ദിരമാണ് നിര്‍മ്മിക്കുന്നത്. റോസ് ഹൗസ് വളപ്പില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
നിലവില്‍ 21 മന്ത്രിമാര്‍ക്ക് താമസിക്കാന്‍ 20 മന്ദിരങ്ങള്‍ മാത്രമേ ഉള്ളൂ. അബ്ദുറഹ്മാന് വാടകവീട്ടിലാണ് താമസിക്കുന്നത്. വാടക വീടിന്റെ ചെലവ് ഒഴിവാക്കാനാണ് മന്ദിരം നിര്‍മ്മിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. ഇതിന്റെ പിന്‍ഭാഗത്താണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. എന്നാല്‍ ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.എന്നാല്‍,കേരളം കടക്കെണിയില്‍ വീര്‍പ്പുമുട്ടുമ്പോഴും മന്ത്രിമാര്‍ക്ക് മന്ദിരം പണിത് നല്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.