CLOSE

നടി ആക്രമിക്കപ്പെട്ട കേസ്; സംവിധായകന്റെ മൊഴിയില്‍ ദിലീപിനെതിരെ അന്വേഷണം

Share

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരായ മൊഴിയില്‍ അന്വേഷണം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 20നു മുമ്പ് മൊഴിയില്‍ അന്വേഷണം നടത്താന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു.

വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ പിന്നീട് തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിന്റെ കൈവശമുണ്ടെന്നാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

കേസിന്റെ വിചാരണ ഘട്ടം പൂര്‍ത്തിയാക്കാനിരിക്കെ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നു വ്യക്തമല്ല. ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോധ്യപ്പെട്ടില്ലെങ്കില്‍ അതു ക്രിമിനല്‍ നടപടിചട്ടങ്ങളുടെ ലംഘനമാകുമെന്നാണു പ്രോസിക്യൂഷന്‍ നിലപാട്.

സാക്ഷി വിസ്താരത്തിനിടയില്‍ വിചാരണക്കോടതിയുടെ നിലപാടുകള്‍ പ്രോസിക്യൂഷനെ ദുര്‍ബലമാക്കുന്നു എന്ന ആരോപണം ഉന്നയിച്ചു രണ്ടാമത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറും രാജിവെച്ച സന്ദര്‍ഭത്തിലാണു തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ സംസ്ഥാന അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല.

Leave a Reply

Your email address will not be published.