CLOSE

പാലക്കാട് തേനീച്ചയുടെ ആക്രമണം; രണ് പേര്‍ കുത്തേറ്റ് മരിച്ചു

Share

പാലക്കാട്: പാലക്കാട് പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.

കൊഴിഞ്ഞാമ്ബാറയിലും അകത്തേത്തറ തെക്കേത്തറയിലുമായാണ് തേനീച്ച ആക്രമകാരികളായത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിലൊരാളെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അകത്തേത്തറ ചെക്കിനിപ്പാടം വിശാലാക്ഷിമന്ദിരത്തില്‍ കനകന്റെ മകന്‍ ശരവണന്‍ (46), വടകരപ്പതി കോഴിപ്പാറ വെള്ളച്ചികുളം കെ. കൃഷ്ണന്‍ (50) എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്.

അകത്തേത്തറയിലുണ്ടായ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റ തെക്കേത്തറ നാഗമ്ബള്ളത്ത് വീട്ടില്‍ ശിവദാസന്‍, ശിവദാസന്റെ ഭാര്യ വിമല, മരുമകന്‍ ശ്രീജിത്ത്, ശിവദാസന്റെ സഹോദരന്‍ മുരുകന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് അകത്തേത്തറയില്‍ തേനീച്ചയിളകിയത്. തെക്കേത്തറയിലെ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനുസമീപമുള്ള വീട്ടുവളപ്പിലെ തേനീച്ചക്കൂടിളകിയാണ് സംഭവം. മരിച്ച ശരവണന്‍ അകത്തേത്തറ എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലിലെ പാചകക്കാരനാണ്. കാറ്ററിങ് പണി ചെയ്യുന്നയാളുമാണ്. തെക്കേത്തറയിലെ പരിചയക്കാരനായ ശിവദാസന്റെ വീട്ടില്‍ കാറ്ററിങ്ങിന്റെ ഓര്‍ഡറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിക്കാനെത്തിയതായിരുന്നു ശരവണന്‍.

വീട്ടില്‍നിന്നിറങ്ങി ബൈക്കെടുത്ത് തിരിച്ചുപോകുന്നതിനിടെയാണ് തേനീച്ചകള്‍ കൂട്ടത്തോടെ എത്തിയത്. തേനീച്ചകള്‍ ശരവണനെ തലയിലും ശരീരമാകെയും വളഞ്ഞുപൊതിഞ്ഞു. ഉടനെ ശിവദാസന്റെ വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവരെയുള്‍പ്പെടെ കൂട്ടത്തോടെയെത്തിയ തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു.

നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട്ടുപരിസരത്തേക്ക് അടുക്കാന്‍കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന്, ചാക്കുകളും തീപ്പന്തവുമൊക്കെ കൊളുത്തിയാണ് തേനീച്ചകളെ അകറ്റിയത്. ശേഷം നാട്ടുകാര്‍ വാതില്‍തുറന്ന് വീട്ടിലുള്ളവരെ ആശുപത്രിയില്‍ എത്തിക്കയായിരുന്നു. പരിസരത്തുള്ള നിരവധിപേര്‍ക്ക് കുത്തേറ്റെങ്കിലും ഇവര്‍ക്ക് സാരമായ പരിക്കില്ല. സംഗീതയാണ് ശരവണന്റെ ഭാര്യ. മക്കള്‍: ധനലക്ഷ്മി, സൗമ്യ.

കൊഴിഞ്ഞാമ്ബാറയില്‍ ചൊവ്വാഴ്ചരാവിലെ പത്തുമണിയോടെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം തെങ്ങിന്‍തോട്ടം നോക്കാന്‍ പോയതായിരുന്നു കൃഷ്ണന്‍. കൂട്ടത്തോടെയെത്തിയ തേനീച്ചകളുടെ കുത്തേറ്റ് അവശനായ കൃഷ്ണനെ ഒഴലപ്പതിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന്, നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. പ്രസന്നകുമാരിയാണ് ഭാര്യ. മക്കള്‍: വിഷ്ണുപ്രസാദ്, ജിഷ്ണുപ്രസാദ്. സഹോദരങ്ങള്‍: കേശവന്‍, രാമന്‍കുട്ടി, സത്യഭാമ, പാര്‍വതി.

Leave a Reply

Your email address will not be published.