CLOSE

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Share

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വിചാരണ നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

കേസില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി ഇന്നലെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി എറണാകുളം സിജെഎം കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. വിഷയത്തില്‍ സംവിധായകന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ പ്രത്യേക സംഘമാകും അന്വേഷിക്കുക.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഫെബ്രുവരി 17, 2017 നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും. ഇതേ തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പോലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി. ഫെബ്രുവരി 25 ന് പോലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാര്‍ച്ച് 3 കൂടുതല്‍ അന്വേഷണം നടത്തണമെന്നു പോലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

ജൂണ്‍ 26 ന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല്‍ ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് പറഞ്ഞു. വന്‍ വിവാദങ്ങള്‍ക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്. തുടര്‍ന്ന് ജൂണ്‍ 28 ന് ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *