CLOSE

കേരളാ പോലീസില്‍ ട്രാന്‍സ്ജെന്‍ഡേഴ്സും; പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Share

തിരുവനന്തപുരം: ട്രാന്‍സ്ജന്‍ഡേഴ്സിനെ പോലീസ് സേനയിലെടുക്കാന്‍ പ്രാഥമിക ചര്‍ച്ച. ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി.

ട്രാന്‍സ്ജെന്‍ഡേഴ്സിനെ വിവിധ വകുപ്പുകളില്‍ നിയമിക്കണമെന്ന് നിര്‍ദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശയോടൊപ്പമാണ് ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയന്‍ എഡിജിപിയെയും നിയോഗിച്ചത്.

പഠന റിപ്പോര്‍ട്ടിന് ശേഷം സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. നിയമനത്തില്‍ പ്രായോഗിക വശങ്ങള്‍, പോലീസിന്റെ ഏതെല്ലാം വിഭാഗത്തില്‍ ഇവരെ വിന്യസിക്കാന്‍ കഴിയും, പരിശീലനം എങ്ങനെ ക്രമീകരിക്കും ഈ വിഷയങ്ങള്‍ വിശദമായി പഠിക്കും.

നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ പോലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നടപടിക്ക് കേരളവും നീങ്ങുന്നത്.

Leave a Reply

Your email address will not be published.