CLOSE

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനും കെ റെയിലിനുമെതിരെ രൂക്ഷവിമര്‍ശനം

Share

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം. സര്‍ക്കാര്‍ നയത്തിനെതിരെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. അലന്‍ താഹ, ശുഹൈബ് എന്‍ഐഎ കേസിലും കെ റെയില്‍ പദ്ധതിയിലും സര്‍ക്കാരിനും പോലീസ് വകുപ്പിനും എതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നുണ്ടായത്.

മറ്റു ജില്ലാ സമ്മേളനങ്ങളില്‍ എന്ന പോലെ കെ റെയില്‍നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും സമ്മേളന പ്രതിനിധികള്‍ കടുത്ത വിമര്‍ശനം പദ്ധതിക്കെതിരെ ഉണ്ടായി. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതില്‍ തന്നെ പലതരം പ്രശ്‌നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാവുമെന്നും വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും സാന്നിധ്യത്തിലാണ് വിവിധ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉണ്ടായത്. സഖാക്കള്‍ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളില്‍ പോലും പോലീസ് അനീതിയാണ് കാണിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കുന്ന സാഹചര്യമുണ്ടെന്നും പേരാമ്പ്രയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശനം ഉയര്‍ത്തി. വലിയ തോതില്‍ വിമതസ്വരം ഉയരില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ജില്ലാ സംസ്ഥാന നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഏരിയ, ലോക്കല്‍ സമ്മേളനങ്ങളില്‍ തന്നെ മാറ്റി നിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published.