കൊച്ചി: ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് കൈമാറിയതായി സംവിധായകന് ബാലചന്ദ്രകുമാര്‍. തെളിവുകള്‍ വ്യാജമായി നിര്‍മ്മിച്ചതല്ല. ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാന്‍ കൂടുതല്‍ ഓഡിയോകളുണ്ട്. വി ഐ പിയെ തനിക്ക് പരിചയമില്ല. ദിലീപിന് ഏറ്റവും അടുത്ത ആളാണ് വി ഐ പി. കേസില്‍ കൂടുതല്‍ സാക്ഷികള്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും. മാത്രമല്ല സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
അതേസമയം ബാലചന്ദ്രകുമാറിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശമുണ്ട്. നടന് ദിലീപിനെതിരെ സംവിധായകന് തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും.