CLOSE

ഈ വര്‍ഷം ഒരു ലക്ഷം സംരഭങ്ങള്‍- വ്യവസായ മന്ത്രി പി.രാജീവ്

Share

സംരഭകരുടെ പരാതികള്‍ക്ക് പരിഹാരം കാണുകയെന്നത് മാത്രമല്ല മറ്റു പ്രയാസങ്ങളില്ലാതെ ഈ വര്‍ഷം ഒരു ലക്ഷം സംരഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ സംരഭങ്ങള്‍ക്ക് ലൈസന്‍സുകള്‍ ആവശ്യമില്ല. കഴിഞ്ഞ ആഴ്ച വരെ ഇത് പത്ത് കോടിയായിരുന്നു. സംരഭകര്‍ കെ സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍. എന്നാല്‍ 50 കോടിക്ക് മുകളില്‍ നിക്ഷേപിക്കുന്ന സംരഭങ്ങള്‍ക്ക് എല്ലാ രേഖകളുമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം അനുമതി നല്‍കും. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി മുഴുവന്‍ ജില്ലകളിലും പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സംരഭകര്‍ക്ക് പരാതികളുമായി വരേണ്ടി വരില്ല. പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വകുപ്പ് തല നടപടികള്‍ക്കും പിഴയീടാക്കുന്നതിനുമുള്ള അധികാരം ഈ സമിതികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. വിവിധ വകുപ്പുതല പ്രതിനിധികളും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ ഒരേ സമയം പത്ത് പേര്‍ക്കാണ് പ്രവേശനം നല്‍കിയത്.
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഡയരക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം, കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കിന്‍ഫ്ര എം.ഡി കെ.എ.സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *