ഇടുക്കി: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. അതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമര്‍പ്പിക്കും. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖില്‍ പൈലിയും ജെറിന്‍ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഇതിനിടെ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖില്‍ പൈലിയേയും കൊണ്ട് പോലീസ് കത്തി കണ്ടെടുക്കാന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. നിഖില്‍ പൈലിയെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.