CLOSE

റേഷന്‍ വിതരണത്തിന് ജനുവരി 18 വരെ പ്രത്യേക സമയക്രമം

Share

സെര്‍വറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാനത്ത് ചിലയിടത്ത് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 18 വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. റേഷന്‍ വിതരണം പൂര്‍ണമായി മുടങ്ങിയെന്നതു തെറ്റായ പ്രചാരണമാണെന്നും സാങ്കേതിക തകരാറിന്റെ പേരില്‍ സര്‍ക്കാരിനെ പഴിക്കാനും പൊതുവിതരണ രംഗമാകെ കുഴപ്പത്തിലാണെന്നു വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെര്‍വറിന്റെ ശേഷിയുമായി ബന്ധപ്പെട്ടാണു സാങ്കേതിക പ്രശ്നമുണ്ടായിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതു മുന്‍നിര്‍ത്തി 18 വരെ രാവിലെ ഏഴു ജില്ലകള്‍, വൈകിട്ട് ഏഴു ജില്ലകള്‍ എന്ന നിലയ്ക്കാകും റേഷന്‍ വിതരണം ചെയ്യുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ റേഷന്‍ സാധനങ്ങള്‍ വാങ്ങാം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30 വരെ റേഷന്‍ കടകളില്‍നിന്നു സാധനങ്ങള്‍ ലഭിക്കും.
റേഷന്‍ വിതരണം പൂര്‍ണമായി തടസപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. എട്ടാം തീയതി 2,08,392 പേരും പത്തിന് 1,79,750 പേരും 11ന് 1,03,791 പേരും സംസ്ഥാനത്ത് റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. എട്ടിന് ഉച്ചയോടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞാണ് റേഷന്‍ വിതരണം നടക്കുന്നത്. ഈ സംവിധാനത്തിലൂടെ മേഖലയിലെ തെറ്റായ പ്രവണതകള്‍ വലിയൊരു അളവോളം ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി.) സെര്‍വറിലൂടെയാണ് ഇ-പോസ് മെഷീനിന്റെ വിവരവിശകലനം നടക്കുന്നത്. നിലവിലെ സാങ്കേതിക തകരാറിന്റെ കാരണങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാതെ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *