ചവറ: ആറുമാസം മുമ്പ് വീട് വിട്ടിറങ്ങി പ്രണയിച്ചു വിവാഹം കഴിച്ച യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സ്വാതിശ്രീയെ (22) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചവറ തോട്ടിന് വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാല്‍ (25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ ടി.സി രാജേഷ്-ബീന ദമ്പതികളുടെ മകളാണ് സ്വാതിശ്രീ.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സ്വാതിശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായ സ്വാതി കഴിഞ്ഞ വര്‍ഷം വീടുവിട്ടിറങ്ങി വിവാഹം ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന വിവരം മൊബൈല്‍ ഫോണില്‍ നിന്നും മറ്റുമായി സ്വാതി മനസിലാക്കിയിരുന്നു.
സംഭവ ദിവസം ശ്യാംലാല്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സ്വാതിയെ ശ്യാംലാല്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ശ്യാംലാല്‍ യുവതിക്കെതിരെ വധഭീഷണി മുഴക്കുന്ന സംഭാഷണം സ്വാതി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. പെട്ടന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.