CLOSE

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Share

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇതേ കേസില്‍ തന്നെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സൃഹൃത്തും വ്യവസായിയുമായ ശരത്ത് എന്നിവരും മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ദിലീപ് കോടതിയല്‍ വാദിച്ചത്. എന്നാല്‍ തെളിവുകളെല്ലാം ശേഖരിച്ചതിന് ശേഷമാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. ദിലീപുള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കേസിലെ മുഖ്യ സൂത്രധാരന്‍ നടന്‍ ദിലീപാണന്ന് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ലൈംഗിക പീഡനത്തിനു ക്വട്ടേഷന്‍ ചരിത്രത്തിലാദ്യമാണെന്നും അസാധാരണമായ കേസാണിതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു.

20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ ദിലീപും കൂട്ടാളികളുമാണ്. ബലാത്സഗക്കേസിലെ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ പതിവില്ലാത്ത സംഭവമാണ്. ദിലീപിനെതിരെ തെളിവുണ്ട്. പൊലീസ് പിടിച്ചെടുത്ത പീഡനദൃശ്യങ്ങള്‍ കോടതിക്കു കൈമാറണമെന്നാണ് ഒരു ഹര്‍ജിയിലെ ആവശ്യം. വീഡിയോ ക്ലിപ്പിങ് കേസില്‍ പ്രതിരോധത്തിന് ഉപയോഗിക്കുകയാണു പ്രതിയുടെ ലക്ഷ്യം.

തുടരന്വേഷണത്തില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ കണക്കിലെടുത്താല്‍ പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും സവിശേഷതയുള്ളതുമാണ്. ഗൂഢാലോചന രഹസ്യസ്വഭാവമുള്ളതായതിനാല്‍ നേരിട്ടു തെളിവ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ കേസില്‍ ഗൂഡാലോചന നേരില്‍ കണ്ടതിനു സാക്ഷിയുണ്ട്. സാക്ഷി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതു കൂടാതെ തെളിവുകളും നല്‍കിയിട്ടുണ്ട്. നേരിട്ടുള്ള മൊഴി കൂടാതെ പ്രതികള്‍ തമ്മിലുള്ള സംഭാഷണങ്കളുടെ ഓഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ടെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു.

കേസില്‍നിന്നു തടിയൂരാനും കേസിലെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ഒന്നാം പ്രതി. പ്രതിക്കു ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ജാമ്യാപേക്ഷ തള്ളണമെന്നും ക്രൈം ബ്രാഞ്ച് ബോധിപ്പിച്ചു.

Leave a Reply

Your email address will not be published.