പത്തനംതിട്ട: 2018 – 2019 ശബരിമല തീര്‍ത്ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് കണ്ടെത്തി. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഒരു കോടിയിലധികം രൂപ തട്ടിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സ് പ്രതി ചേര്‍ത്ത നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്ന് മാസങ്ങള്‍ പിന്നിടുമ്‌ബോഴും ദേവസ്വം ബോര്‍ഡ് നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
അന്നദാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും നല്‍കാന്‍ കരാര്‍ എടുത്തത് കൊല്ലം ആസ്ഥാനമായുള്ള ജെ.പി ട്രേഡേഴ്‌സ് എന്ന സ്ഥാപനം ആയിരുന്നു. തീര്‍ത്ഥാടന കാലത്തിന് ശേഷം കമ്ബനി ഉടമ ജയപ്രകാശ് 30,00,900 രൂപയുടെ ബില്ല് ദേവസ്വം ബോര്‍ഡിന് നല്‍കി. ആദ്യം കരാറുകാരന് എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി തുക നല്‍കണമെങ്കില്‍ ക്രമക്കേടിന് കൂട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെ കരാറുകാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. 30 ലക്ഷം രൂപ ചിലവുവന്ന അന്നദാനത്തിന്റെ മറവില്‍, ഏകദേശം ഒന്നരക്കോടി രൂപയുടെ ബില്ലാണ് ഉദ്യോഗസ്ഥര്‍ മാറിയെടുത്തതെന്ന് വിജിലന്‍സ് കണ്ടെത്തി. ദേവസ്വം ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവില്‍ ബാങ്കില്‍ നിന്നും അഴിമതി പണം മാറിയതായും അവര്‍ കണ്ടെത്തി. ഈ തട്ടിപ്പിന്റെ നാള്‍വഴികള്‍ അന്വേഷണസംഘം കണ്ടെത്തിയതോടെ, ജയപ്രകാശിന്റെ അക്കൗണ്ടിലേക്ക് 11 ലക്ഷം രൂപ മാറ്റികൊടുത്ത് പരാതി ഒത്തുതീര്‍പ്പാക്കാനും ദേവസ്വം ഉദ്യോഗസ്ഥര്‍ ശ്രമിച്ചു.