തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി നടത്തിവന്ന സമരം സ്വകാര്യ ബസ് ഉടമകള്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ചേര്‍ന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിറണായി വിജയനും ഗതാഗമന്ത്രി ആന്റണി രാജുവും രാവിലെ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കൂട്ടാമെന്ന് മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചുവെങ്കിലും എന്നത്തേക്ക് നടപ്പാക്കുമെന്ന് വ്യക്തമാക്കിയില്ല.
നാലു ദിവസമായി സമരം തുടരുന്ന ഉടമകളുമായി ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു ചര്‍ച്ച. ബസ് ഉടമകളുടെ ആവശ്യപ്രകാരമായിരുന്നു ഇത്. 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ രാഷ്ട്രീയ തീരുമാനം വരുമെന്നും വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ആന്റണി രാജു നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു തീയതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പ് ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എങ്കിലും ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. എത്രത്തോളം എന്നത് സംബന്ധിച്ച് ഇനിയും ചര്‍ച്ച വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.