CLOSE

‘സൈബര്‍ ലോകത്തെ ചിലന്തിവലകള്‍’ സെമിനാര്‍ സംഘടിപ്പിച്ചു

Share

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയില്‍ സൈബര്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഇരകളാക്കുന്ന സാഹചര്യങ്ങള്‍, സൈബര്‍ ലോകത്ത് ശ്രദ്ധിക്കേണ്ട വിവരങ്ങള്‍, സൈബര്‍ ചതിയില്‍ പെട്ടുപോയാല്‍ ചെയ്യണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്തു. ജില്ലാ അഡീഷണല്‍ എസ് പി ഹരിശ് ചന്ദ്ര നായ്ക് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഉദ്യോഗസ്ഥന്‍ ഡോ വി ബാലകൃഷ്ണന്‍ സെമിനാര്‍ എടുത്തു. കാസര്‍കോട് ഗവ: പോളി ടെക്നിക്ക് ലെക്ചറര്‍ വി.കെ ശ്രീജേഷ്, കാഞ്ഞങ്ങാട് എസ് ബി ഐ റീജിയണല്‍ ഓഫീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീത്, ജില്ലാ സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ അനൂബ് കുമാര്‍, ജില്ലാ സൈബര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി കെ അജിത്ത്, ജില്ലാ സൈബര്‍ അസ്സിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൊബൈല്‍ ഫോണുകളില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം പിന്‍ നമ്പര്‍ തുടങ്ങിയവ സേവ് ചെയ്യാതിരിക്കുക. ബാങ്ക് വിവരങ്ങള്‍ അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ ആവശ്യപ്പെട്ടുവരുന്ന ഫോണ്‍ കോളുകള്‍ ബ്ലോക്ക് ചെയുക. ഫോണില്‍ ലോക്കുകള്‍ സജ്ജീകരിക്കുകയും, ഇമെയില്‍ പാസ്വേഡുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കാത്തവിധം സംരക്ഷിക്കുക, അനാവശ്യ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ നല്‍കുന്ന പെര്‍മിഷനിലൂടെ സ്വന്തം വിവരങ്ങള്‍ കൈമാറാതെ നോക്കുക ,തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങളും,
ഏറെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മോര്‍ഫിങ്, മെസ്സേജ് സ്പൂഫിങ് , കാള്‍ സ്പൂഫിങ്, ഓണ്‍ലൈന്‍ പണം തട്ടിപ്പ് തുടങ്ങി വ്യാപകമായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയായേക്കാമെന്ന മുന്നറിയിപ്പും സെമിനാര്‍ നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാണ്. 1930 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതികള്‍ നല്‍കാം.

സെമിനാറില്‍ സൈബര്‍ വിദഗ്ധര്‍, ബാങ്കിങ് മേഖലയിലെ ഐടി വിദഗ്ധര്‍, വിവിധ മേഖലയിലെ പ്രമുഖ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ പി സതീഷ് സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.