ചിറ്റാരിക്കാല്‍: നിറയെ യാത്രക്കാരുമായി പോകുന്ന ബസിന്റെ മുകളില്‍ വൈദ്യുതി പോസ്റ്റ് പതിച്ചു. ഒഴിവായത് വന്‍ ദുരന്തം. ഇന്ന് ഉച്ചക്ക് 2 മണിയോടെ ചിറ്റാരിക്കാല്‍ – കുന്നുംകൈ റോഡില്‍ കോടങ്കല്ലിലാണ് സംഭവം. മലയോരത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാതയോരത്തെ തെങ്ങ് ഒടിഞ്ഞു വീണത് റോഡിനരികിലൂടെ പോകുന്ന വൈദ്യുതി തൂണിലേക്ക്. വൈദ്യുതി ലൈന്‍ പൊട്ടി പോസ്റ്റ് ചെന്ന് വീണത് കുന്നുംകൈ വഴി ചിറ്റാരിക്കാലിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സെന്റ് ജോസഫ് ബസിന് മുകളിലായിരുന്നു. നിറയെ യാത്രക്കാരുമായി പോകുന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ സീറ്റിന് മുകളിലായിട്ടാണ് പോസ്റ്റ്് വീണത്. ഭീകരമായ ദുരന്തം കണ്മുന്നില് കണ്ട ബസ് ജീവനക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാര്‍ കൂട്ട നിലവിളിയുയര്ത്തി. വൈദ്യുതി ലൈന്‍ ഓഫായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു.വൈദ്യുതി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വൈദ്യുതി ലൈനും പോസ്റ്റുകളും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.