കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. വനിതകള്‍ അടക്കമുള്ള യു.ഡി.എഫ് വോട്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. അട്ടിമറി ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെ.കെ.എന്‍.എം സ്‌കൂളില്‍ രാവിലെ മുതല്‍ സംഘര്‍ഷം. വോട്ട് ചെയ്യാന്‍ എത്തിയ വനിതകള്‍ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷം ആരംഭിച്ചത്. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈല ജോയ് അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു.
സംഘര്‍ഷം കൈവിട്ടതോടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വ്യാപക അക്രമവും കള്ളവോട്ടും നടന്നതായി സജീവ് ജോസഫ് എംഎല്‍എ ആരോപിച്ചു. യു.ഡി.എഫ് ഭരിച്ചിരുന്ന സഹകരണ ബാങ്ക് കഴിഞ്ഞ തവണയാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് ബഹിഷ്‌കരണത്തോടെ ഇത്തവണയും ബാങ്ക് ഭരണം എല്‍.ഡി.എഫിന് ലഭിക്കും.