ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു. ശ്രീകോവിലിലെ നെയ് വിളക്കില്‍ നിന്നുള്ള ദീപം ഇളയ കാരണവര്‍ എം.കെ കേശവന് നമ്ബൂതിരി തെളിച്ചതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായി. ഇല്ലത്തെ കുടുംബാംഗങ്ങളും ഭക്തരും വിളക്കുകളെല്ലാം തെളിയിച്ചു.
തുടര്‍ന്ന്, ക്ഷേത്രത്തില്‍ ദീപാരാധന നടന്നു. പാരമ്ബര്യ വിധിപ്രകാരം ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സര്‍പ്പയക്ഷിയമ്മയ്ക്കും ചാര്‍ത്തുന്ന നാലു ദിവസത്തെ കളഭമുഴുക്കാപ്പും കാവില്‍ പൂജയും പൂര്‍ണമാകുന്ന പുണര്‍തം നാളിലെ മഹാദീപക്കാഴ്ചയ്ക്ക് നൂറുകണക്കിന് ഭക്തര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയിരുന്നു.
ശ്രീനാഗരാജ പുരസ്കാര സമര്‍പ്പണ സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കുടുംബാംഗം എം.ജി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സദനം വാസുദേവന്‍, ഡോ. ടി.വി ഗോപാലകൃഷ്ണന്, കലാമണ്ഡലം ശിവന് നമ്ബൂതിരി, കലാമണ്ഡലം സുഗന്ധി എന്നിവരെ എം.ജി ജയകുമാര്‍ ശ്രീനാഗരാജ പുരസ്കാരം നല്കി ആദരിച്ചു. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാര ജേതാക്കള്‍ക്ക് നഗരസഭാ ചെയര്മാന് കെ.എം രാജു നാടിന്റെ ആദരവ് സമര്‍പ്പിച്ചു. മുതിര്‍ന്ന കുടുംബാംഗം എം.എസ് വാസവന് പ്രശംസാപത്രം നല്കി. കലാ ഗവേഷകന് സജനീവ് ഇത്തിത്താനം, എന്‍. ജയദേവന്, എസ്. നാഗദാസ്, എസ്. കൃഷ്ണകുമാര്‍, അമ്ബലപ്പുഴ വിജയകുമാര്‍, കലാമണ്ഡലം ജിഷ്ണു പ്രതാപ്, ഹരിപ്പാട് എം.എസ് രാജു എന്നിവര്‍ പ്രസംഗിച്ചു.