CLOSE

കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി :10 വര്‍ഷമായിട്ടും പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം പോലുമില്ല -പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ

Share

പാലക്കുന്ന് : ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇപ്പോഴും വെന്റിലേറ്ററില്‍
തന്നെ. കെട്ടിടത്തിന്റെ പുറംമോടിയില്‍ ആകൃഷ്ടരായി, ചികിത്സ തേടി അകത്ത് കയറേണ്ടിവന്നാല്‍, ഒരു പഞ്ചായത്ത് തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റ(പി.എച്ച്. സി) നിലവാരം പോലുമില്ലെന്ന് വ്യക്തമാകും. കോവിഡ് കാലത്ത് രോഗികളുടെ കിടത്തി ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ച ആശുപത്രി ഇപ്പോഴും ഒ. പി. പരിശോധനയില്‍ മാത്രം ഒതുങ്ങിയ മട്ടാണ്. തറക്കല്ലിട്ടതിന്റെ 10 വര്‍ഷം നവംബര്‍ 30ന് പൂര്‍ത്തിയാകുമ്പോള്‍, ആശുപത്രിയുടെ നിലവിലെ അവസ്ഥ, ജില്ലയോടുള്ള അവഗണനയെ തുറന്നു കാട്ടാനുള്ള പ്രതിഷേധമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് മൂവ്‌മെന്റ് ഓഫ് ബെറ്റര്‍ കേരള (എം.ബി. കെ.) എന്ന ജനകീയ കൂട്ടായ്മ.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എം.ബി. കെ. യിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പാലക്കുന്നിലുള്ള മര്‍ച്ചന്റ് നേവി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് ജില്ലയോടുള്ള സര്‍ക്കാറുകളുടെ നിസംഗതയില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും തെരുവില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ഡിസംബര്‍ 5ന് പാലക്കുന്ന് ടൗണില്‍ പ്രതിഷേധ യോഗം ചേരും. ആശുപത്രി സമുച്ചയത്തിന്റെ രൂപം ഉണ്ടാക്കി മുഖംമൂടി ധരിച്ച് പ്രതീകാത്മക മെഡിക്കല്‍ കോളേജ് ആശുപത്രി അന്ന് ഉദ്ഘാടനം ചെയ്യും. ഇതിനായി സബ് കമ്മിറ്റിയും രൂപവത്കരിച്ചു. ഭാരവാഹികള്‍: ഉമ്മുഹാനി (ചെയര്‍പേഴ്‌സണ്‍), താജുദ്ധീന്‍ പടിഞ്ഞാര്‍ (കണ്‍വീനര്‍), എം. എസ്. ജംഷീദ് (ട്രഷറര്‍), റസിയ (വനിത പ്രതിനിധി). ജാതി മത രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ജനകീയ കൂട്ടായ്മയാണ് എം.ബി.കെ. ജില്ലയിലെ പൊതുതാല്പര്യ വിഷയങ്ങളില്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും മുന്‍പന്തിയിലുള്ള കൂട്ടായ്മയാണിത്.

അവര്‍ക്ക് പറയാനുള്ളത് :

കാസര്‍കോട് മെഡിക്കല്‍ കോളേജിനു വേണ്ടി 2013ല്‍ അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരരടക്കം പൊതുജങ്ങള്‍ക്കും പ്രതീക്ഷയും ആശ്വാസവും നല്‍കിയ തുടക്കമായിരുന്നു അത്.പക്ഷേ മെഡിക്കല്‍ കോളേജ് എന്ന സങ്കല്പം ഔദ്യോഗിക രേഖകളില്‍ യഥാര്‍ഥ്യമായെങ്കിലും ഇപ്പോഴും ഒ.പി. പരിശോധനയില്‍ മാത്രം ഒതുങ്ങിയതിനപ്പുറത്തേക്ക് കടക്കാന്‍ ഇനി കടമ്പകള്‍ ഇനിയും ഏറെയുണ്ട്. സ്‌കാനിംഗ്, ലാബ്, ശാസ്ത്രക്രിയ സംവിധാനം, വിദഗ്ദ്ധ ഡോക്ടര്‍ന്മാര്‍ ഇതൊന്നുമില്ലാതെ ബോര്‍ഡ് തൂക്കിയിട്ടത് കൊണ്ട് മാത്രം ഇതെങ്ങിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയാകും. 500 കിടക്കക്കുള്ള കോളേജിന്, 2013 ലെ കണക്കനുസരിച്ച് 385 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

ഉക്കിനടുക്കയില്‍ 62 ഏക്കര്‍ റവന്യു ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി അനുവദിച്ചത്. ഇതേ കാലയളവില്‍ സംസ്ഥാനത്ത് അനുവദിച്ച മറ്റു മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ അതിന്റെ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെങ്കിലും അപഥ്യമായ അവസ്ഥയില്‍ കാസര്‍കോട് മാത്രം ഇനി എത്രനാള്‍ എന്നതാണ് ചോദ്യം. കാസര്‍കോടിന് എതിരായി ഒരു ലോബി ചരട് വലി നടത്തുന്നില്ലേ എന്നും സംശയവും പ്രബലമായിട്ടുണ്ട്. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ആദ്യ പടിയായിരിക്കും ഡിസംബര്‍ 5ന് പാലക്കുന്നില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *