തുരുത്തി – ലോകം മുഴുവന്‍ ഖത്തര്‍ ലോക കപ്പിന്റെ ആവേശത്തിലേക്ക് എത്തുമ്പോള്‍ തുരുത്തി എന്ന കൊച്ചു ദ്വീപില്‍ ഫൗസാന്‍ അബൂബക്കര്‍ വിവിധങ്ങളായ വര്‍ണ്ണങ്ങളില്‍ താരങ്ങളെയും, കളിക്കാരെയും വരച്ച് ആവേശം കൂട്ടുകയാണ്. തുരുത്തി ശാഖാ എം എസ് എഫിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ഫൗസാന്‍ അബൂബക്കര്‍ കുമ്പള അക്കാദമിയിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ഇതിനോടകം തന്നെ നിരവധി കലാകാരന്മാരെ വരച്ചിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടടീമായ അര്‍ജന്റീനയുടെയും, ഇഷ്ടതാരമായ മെസ്സിയുടെയും ചിത്രങ്ങള്‍ വരക്കുമ്പോള്‍ ഫൗസാന്‍ ആവേശം ഇരട്ടിക്കും. അര്‍ജന്റീന തുരുത്തി ഫാന്‍സിനു വേണ്ടി തുരുത്തിയിലെ മതിലില്‍ മനോഹരമായ ലയണല്‍ മെസ്സിയുടെ ഛായ ചിത്രം വരച്ച് ഫൗസാന്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. വരയില്‍ അത്ഭുതം തീര്‍ക്കുന്ന ഫൗസാന്‍ അബൂബക്കറിനെ തുരുത്തി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.