CLOSE

പയ്യാവൂരിലെ വാതക ശ്മശാനത്തില്‍ അഗ്നി ശമന സംവിധാനം ഇല്ലാതെ ഉദ്ഘാടനം നടത്തരുത്: മന്ത്രിക്ക് പരാതി നല്‍കി പ്രതിപക്ഷം

Share

പയ്യാവൂര്‍: ഗ്രാമ പഞ്ചായത്ത് പയറ്റടി പറമ്പില്‍ നിര്‍മിച്ച ആധുനിക വാതകശ്മശാനത്തില്‍ നിയമ പ്രകാരം സ്ഥാപിക്കേണ്ട അഗ്നിശമന സംവിധാനം ഒരുക്കാതെയാണ് ഇന്ന് ഉദ്ഘാടനം നടത്തുന്നതെന്നും ഇത് വലിയ അപകടത്തിനു കാരണമാകുമെന്നും പ്രതിപക്ഷം. ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് പരാതി നല്‍കി.
ശ്മശാനം നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പഞ്ചായത്ത് വിശദമായ പ്ലാന്‍ സമര്‍പ്പിച്ചു ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്മെന്റില്‍ നിന്നും എന്‍ ഒ സി വാങ്ങിയിരുന്നു. പ്രസ്തുത പ്ലാന്‍ പ്രകാരം അഗ്നി ശമന സംവിധാനം ഒരുക്കിയതിനു ശേഷം അന്തിമ അനുമതി നേടേണ്ടതാണ്. എന്നാല്‍ അഗ്നി ശമന സംവിധാനങ്ങളോ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അനുമതിയോ മറ്റു ഡിപ്പാര്‍ട്മെന്റ് അനുമതികളോ കെട്ടിട നമ്പറോ പോലും ഇല്ലാതെയാണ് ശ്മശാനം ഉദ്ഘാടനം നടത്തുന്നത് എന്നും ഇത് നിയമ വിരുദ്ധവും പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ലംഘനവുമാണ് എന്നും പരാതിയില്‍ പറയുന്നുണ്ട്.

മുന്‍ ഭരണ സമിതിയുടെ കാലത്താണ് ശ്മശാനം നിര്‍മാണം ആരംഭിച്ചത്. ഫയര്‍ സിസ്റ്റം സ്ഥാപിക്കുന്നത് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തികളും കരാര്‍ നല്‍കിയതും, കോവിഡ് കാരണം ഇടയ്ക്കു നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും, ഭൂരിഭാഗം പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നിട്ടും അഗ്നി ശമന സംവിധാനം ഒരുക്കാത്തതും, ശ്മശാനം പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ പണി പൂര്‍ത്തീകരിക്കാതെ പെട്ടെന്ന് ഉദ്ഘാടനം നടത്താന്‍ ഭരണസമിതി
തീരുമാനിക്കുകയായിരുന്നു.

പ്രതി പക്ഷ അംഗങ്ങളായ ആനീസ് ജോസഫ്, ടെന്‍സണ്‍ ജോര്‍ജ്, അഷ്‌റഫ് ടി.പി, സിന്ധു ബെന്നി, സിജി ഒഴാങ്കല്‍ എന്നിവരാണ് പരാതി നല്‍കിയത്. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന സജീവ് ജോസഫ് എം എല്‍ എക്കും പകര്‍പ്പ് നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും എത്തുന്ന പൊതു ജനങ്ങളെ നിയമത്തിന്റെ പേര് പറഞ്ഞു വട്ടം കറക്കുന്ന പഞ്ചായത്ത് അധികൃതര്‍ തന്നെ ഇവിടെ നിയമലംഘനം നടത്തുകയാണെന്നും പ്രതിപക്ഷം പറഞ്ഞു ‘ നിലവില്‍ അഗ്നി ശമന സംവിധാനം ഒരുക്കുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കുകയോ ഫണ്ട് വകയിരുത്തുകയോ ചെയ്തിട്ടില്ല, ഇനി പദ്ധതി തയ്യാറാക്കി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നടപ്പില്‍ വരുത്തണമെങ്കില്‍ മാസങ്ങള്‍ എടുക്കും. ഭരണ സമിതി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഇതില്‍ ഗുരുതര വീഴ്ച ഉണ്ടായതായും, അഗ്നി രക്ഷാ സംവിധാനം അടിയന്തിരമായി സ്ഥാപിച്ചു കെട്ടിട നമ്പറും ലൈസന്‍സും നേടി എത്രയും പെട്ടെന്ന് ശ്മശാനം പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും, ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ച ഉദ്ഘാടനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രസിഡന്റിന്റെ തന്ത്രമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *