CLOSE

ക്ഷേത്ര ദര്‍ശനത്തിനിടെ സ്‌കൂട്ടറില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്നു: പ്രതികള്‍ പിടിയില്‍

Share

അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനത്തിനിടെ സ്‌കൂട്ടറില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം, കടക്കപ്പള്ളി ജ്യോസിയാ നിവാസില്‍ തിയോഫിന്‍ (അനി-39) എന്നിവരാണ് അറസ്റ്റിലായത്. അമ്ബലപ്പുഴ പൊലീസ് ആണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം 13 -നായിരുന്നു സംഭവം. അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും പണവും ആണ് കവര്‍ന്നത്.

ഇരുപതിലധികം മോഷണ കേസില്‍ പ്രതിയായ സതീഷിനെ എറണാകുളം കങ്ങരപ്പടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നാണ് രണ്ടാം പ്രതിയായ തിയോഫിനെക്കുറിച്ച് വിവരം ലഭിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കത്തിക്കുത്ത് കേസില്‍ റിമാന്‍ഡിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അമ്ബലപ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദ്വിജേഷ് എസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫ്, ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നൗഫല്‍, വിഷ്ണു, ജോസഫ് ജോയി, അബൂബക്കര്‍, സിദ്ദീഖ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *