CLOSE

പീഡന പരാതിയില്‍ പി.സി ജോര്‍ജ് അറസ്റ്റില്‍

Share

തിരുവനന്തപുരം: പീഡന പരാതിയില്‍ പി.സി ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ ആണ് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് ആണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്. സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പിണറായി തന്നെ വേട്ടയാടുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 7 തവണ എം.എല്‍.എ ആയ തന്റെ മുഴുവന്‍ സ്വത്തുക്കളും പിണറായിക്ക് നല്‍കാമെന്നും പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താന്‍ എന്ത് തെറ്റ് ചെയ്തു. ലാവ്ലിന്‍ കേസ് വന്നാല്‍ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിര്‍ത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. സരിതയുടെ രഹസ്യ മൊഴിയില്‍ പേടിയില്ല. കണ്ടിട്ടുള്ള നേതാക്കളില്‍ ഏറ്റവും മാന്യന്‍ താന്‍ ആണെന്ന് സരിത മുന്‍പ് പറഞ്ഞിട്ടുണ്ട്. സരിതയെ പോലെയുള്ള ഒരാള്‍ പറയുന്നതിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ ശരിയല്ല. സരിതയ്ക്ക് മറുപടി ഇല്ല. പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. അധികാരം പോകുമോയെന്ന പേടിയാണ്. നിരന്തരം തനിക്കെതിരെ കേസെടുക്കുന്നു’- പി.സി ജോര്‍ജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published.