ജയ്പൂര്‍: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ വരന് ഉള്‍പ്പെടെ ഒമ്ബത് പേര് മരിച്ചു. രാജസ്ഥാനിലാണ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തിലെ വരന് സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ചമ്ബല്‍ നദിയിലേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വെള്ളത്തിലേക്ക് വീണ കാറില്‍ നിന്നും ആദ്യം ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് രണ്ട് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാഡ ഗ്രാമത്തില്‍ നിന്നുള്ളവരാണ് വരനും സംഘവും.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി.