ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് തടഞ്ഞ് എംപിമാരെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തു. ഡല്‍ഹി പോലീസ് ഹൈബി ഈഡന് എംപിയുടെ മഖത്തടിച്ചെന്നാണ് പ്രധാനമായും പരാതി ഉയര്‍ന്നത്. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചു തള്ളി. ബെന്നി ബെഹനാനെ കോളറില്‍ പിടിച്ചു വലിച്ചു. ഡീന്‍ കുര്യാക്കോസിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. പുരുഷ പോലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപിയും പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് എംപിമാര്‍ അറിയിച്ചു.
വിവിധ വിഷയങ്ങളുന്നയിച്ച് വിജയ് ചൗക്കില്‍നിന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്‍പിലേക്ക് എംപിമാര്‍ മാര്‍ച്ച് നടത്തുക സാധാരണമാണ്. സമാനമായിട്ടായിരുന്നു സില്‍വല്‍ ലൈന്‍ പദ്ധതി ഉന്നയിച്ച് കേളത്തില്നിന്നുള്ള യുഡിഎഫ് എംപിമാര്‍ വിജയ് ചൗക്കില്‍ ആദ്യം വാര്‍ത്താ സമ്മേളനം നടത്തുകയും അതിനുശേഷം ഗാന്ധി പ്രതിമയ്ക്ക് മുന്‍പിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തത്. എന്നാല്‍ വിജയ്ചൗക്കിലെ ലോണില്‍നിന്ന് പുറത്തുകടക്കുന്നതിന് മുന്‍പായി ഡല്‍ഹി പോലീസ് എംപിമാരെ തടഞ്ഞ് സുരക്ഷാ കാരണങ്ങളാല്‍ മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
എംപിമാര്‍ ആണെന്ന് വ്യക്തമാക്കിയെങ്കിലും അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല. ബാരിക്കേഡുകള്‍ സ്ഥാപിച്ച് എംപിമാരെ പൂര്‍ണമായും തടഞ്ഞു. എംപിമാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ വലിയ രീതിയില്‍ പോലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് എംപിമാരെ പോലീസ് കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തുകയായിരുന്നു.