ബംഗളൂരു: യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ബംഗളൂരുവിലെ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന 22 വയസുള്ള യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. രജത് എന്നയാളാണ് ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ പരിചയപ്പെട്ടത്. നീന്തല്‍ താരമായ രജത് സുഹൃത്തുക്കളായ ദേവ് സരോഹ, യോഗേഷ് കുമാര്‍, ശിവറാണ എന്നിവര്‍ക്കൊപ്പം ട്രെയിനിംഗിന്റെ ഭാഗമായി ബംഗളൂരുവിലെത്തി.
മാര്‍ച്ച് 24ന് ഒരു ഡിന്നറിനായി യുവതിയെ രജത് വിളിച്ചു. ഡിന്നറിന് ശേഷം രജത് യുവതിയെ റൂമിലേക്ക് ക്ഷണിക്കുകയും റൂമിലെത്തിയ ശേഷം രജതും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയാണുണ്ടായതെന്നും യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട താന്‍ രാത്രിയില്‍ സുഹൃത്തുക്കളെ വിളിക്കുകയായിരുന്നുവെന്നും അവര്‍ എത്തിയാണ് തന്നെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതെന്നും യുവതി പറയുന്നു.
വെള്ളിയാഴ്ചയാണ് യുവതി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത്. യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുകയും കൂട്ടബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് മാസമായി ട്രെയിനിംഗുമായി ബന്ധപ്പെട്ട് രജത്തും ശിവ റാണയും ബംഗളുരുവിലുണ്ടെന്നും കഴിഞ്ഞ ആഴ്ചയാണ് ഇരുവരുടെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേര് ബംഗളൂരുവിലെത്തിയതെന്നും പോലീസ് അറിയിച്ചു.