കൃഷിയില്‍ ഏറെ വെല്ലുവിളികളാണ് കര്‍ഷകര്‍ നേരിടാറുള്ളത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മൃഗങ്ങള്‍ വിള നശിപ്പിക്കുന്നത്.
എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ചിലതൊന്നും ഒരു പരിഹാരവും ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്ന ഒരു രസികന്‍ വീഡിയോയാണ് ചര്‍ച്ചാ വിഷയം.
തെലങ്കാനയിലെ ഒരു കര്‍ഷകനാണ് വിള നശിപ്പിക്കാന്‍ എത്തുന്ന കുരങ്ങുകളില്‍ നിന്നും കാട്ടുപന്നികളില്‍ നിന്നും തങ്ങളുടെ വിളകളെ രക്ഷിക്കാന്‍ വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ കര്‍ഷകരാണ് കുരങ്ങുകളില്‍ നിന്നും കാട്ടുപന്നികളില്‍ നിന്നും തങ്ങളുടെ വിളകളെ രക്ഷിക്കാന്‍ കരടി വേഷം ധരിച്ച് ആളെ വെച്ചത്.
കൊഹേഡയിലെ ഭാസ്കര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. മുന്‍പ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ വിള നശിപ്പിക്കാന്‍ എത്തുന്ന മൃഗങ്ങളെ തുരത്താന്‍ ഇത്തരം രീതികള്‍ ഉപയോഗിച്ചിരുന്നു. നായയെ പെയിന്റടിച്ച് സിംഹത്തിന്റെ രൂപത്തിലേക്ക് കൃഷിയിടങ്ങളില്‍ ഇറക്കുമായിരുന്നു.
വിളകള്‍ സുരക്ഷിതമാക്കാന്‍ ദിവസം മുഴുവന്‍ കരടി വേഷത്തില്‍ വയലില്‍ കറങ്ങിനടക്കുന്ന ആളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇങ്ങനെ കരടി വേഷത്തില്‍ നടക്കുന്നത് ചിലര്‍ക്ക് തൊഴിലിനും വരുമാനത്തിനുള്ള മാര്‍ഗമാണെങ്കിലും കര്‍ഷകര്‍ക്ക് തങ്ങളുടെ വിള സംരക്ഷിക്കാനുമുള്ള മാര്‍ഗമാണ്.