ന്യൂഡല്‍ഹി: മുല്ലപ്പെരിയാല്‍ മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിലവിലെ അംഗങ്ങളെ മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ നാളെ കോടതി വിധിപറയും. ഡാം സേഫ്ടി ഓര്‍ഗനൈസേഷന്റെ ചിഫ് എന്‍ജിനിയര്‍ ഗുല്‍ഷന്‍ രാജാണ് നിലവിലെ ചെയര്മാന്. സമിതിയിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെ പ്രതിനിധികള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ളവരാണ്.
ഇവരുമായി കണക്കിലെടുക്കുമ്പോള്‍ ഗുല്‍ഷന്‍ രാജ് ജൂനിയര്‍ ഉദ്യോഗസ്ഥനെന്നായിരുന്നു കേരളത്തിന്റെ വാദം. കേന്ദ്ര ജലക്കമ്മിഷന്‍ ചെയര്മാന് ഈ സ്ഥാനത്തേക്ക് വരണമെന്നും കേരളം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇതിനോട് വിയോജിച്ചു. നിലവില്‍ 20-ലധികം സമിതികളുടെ അധ്യക്ഷനാണ് ജലക്കമ്മീഷന് ചെയര്മാന് എന്നും സേവനം വിട്ടുനല്‍കാനാകില്ലെന്നും കേന്ദ്രം ചുണ്ടിക്കാട്ടി. തുടര്‍ന്ന് കോടതിയും കേന്ദ്രസര്‍ക്കാരിനോട് യോജിച്ചു.
അഭിഭാഷകര്‍ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്പില് നിരന്തരം വാദങ്ങളുന്നയിച്ചതിനാല് ഇന്ന് പുറപ്പെടുവിക്കാനിരുന്ന വിധി നാളത്തേക്ക് മാറ്റുകയായിരുന്നു. നിരന്തരം തടസപ്പെടുത്തുന്നതിനിടയില് വിധി പറയാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നാളെ എഴുതി തയ്യാറാക്കിയ വിധി കോടതിയില്‍ വായിക്കും.