CLOSE

തമിഴ്നാട്ടിലെ അനധികൃത മണല്‍ ഖനനം: മലയാളി ഉന്നത ഉദ്യോഗസ്ഥ അറസ്റ്റില്‍

Share

ചെന്നൈ: മലങ്കര കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട അനധികൃത മണല്‍ ഖനനക്കേസില്‍ മലയാളിയായ ഉന്നത ഉദ്യോഗസ്ഥ അറസ്റ്റില്‍. നീലഗിരി ജില്ല മൈനിംഗ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശിനി സഫിയയെയാണ് സിബിസിഐഡി അറസ്റ്റ് ചെയ്തത്. അനധികൃത മണല്‍ഖനനത്തിന് പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ പരാതി.

സംഭവം നടക്കുന്ന സമയത്ത് തിരുനെല്‍വേലി ജില്ല മൈനിംഗ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സഫിയ. കേസില്‍ ശനിയാഴ്ച ഇവരെ സിബിസിഐഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുനെല്‍വേലി അംബാസമുദ്രത്തിന് സമീപമുള്ള പൊട്ടലില്‍ താമരഭരണി നദിക്കരയില്‍ പത്തനംതിട്ട രൂപതയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലത്ത് അനധികൃതമായി പുഴമണല്‍ ഖനനം നടക്കുന്നെന്ന പരാതിയില്‍ 2019ലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്.

കേസില്‍ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപത അധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറേനിയസും അഞ്ച് വൈദികരും ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായി. രൂപതയുടെ സാമ്പത്തിക സമിതി അംഗങ്ങള്‍കൂടിയായ ഫാ. ജോസ് ചാമക്കാല, ഫാ. ജോര്‍ജ് സാമുവേല്‍, ഫാ. ഷാജി തോമസ്, ഫാ. ജോസ് കാലായില്‍, ഫാ. ജിജോ ജെയിംസ് എന്നിവരെയാണ് ബിഷപ്പിനൊപ്പം അറസ്റ്റ് ചെയ്തത്.

സഭയുടെ സ്ഥലം പാട്ടത്തിനെടുത്ത കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജാണ് മണല്‍ഖനനം നടത്തിയത്. മാനുവല്‍ ജോര്‍ജ് അടക്കം 25 പേരെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. രൂപതയുടെ അറിവോടെയാണ് ഖനനം നടത്തിയതെന്ന് മാനുവല്‍ ജോര്‍ജ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികരെയും കേസില്‍ പ്രതിചേര്‍ത്തത്.

Leave a Reply

Your email address will not be published.