യു.പിയില്‍ ഓട്ടോറിക്ഷയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.
ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരാണ് യുവതിയെ ആക്രമിച്ചത്. ഈ മാസം പതിനാലാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിക്കാരി പറഞ്ഞ സൂചനകളനുസരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് അലിഗഡ് എസ്പി ശുഭം പട്ടേല്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.നോയിഡയില്‍ നിന്നും അലിഗഡ് നഗരത്തിലെത്തിയ യുവതിയാണ് അവിടെ നിന്ന് അവരുടെ വീട് സ്ഥിതിചെയ്യുന്ന ഗ്രാമത്തിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചത്. ഓട്ടോയില്‍ ഡ്രൈവറോടൊപ്പം സഹായിയായി ഒരാള്‍ കൂടി ഉണ്ടായിരുന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ യുവതിയുടെ സമ്മതമില്ലാതെ മറ്റൊരാളെ കൂടി ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റുകയായിരുന്നു.
ഓട്ടോ നഗരം കഴിഞ്ഞ് വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ യുവതിയുടെ കൈവശമുള്ള പണവും ആഭരണങ്ങളുമൊക്കെ ഇവര്‍ പിടിച്ചുപറിക്കുകയായിരുന്നു. അതിന് ശേഷം മൂന്ന് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും റോഡില്‍ ഇറക്കിവിടുകയുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.