ന്യൂഡല്‍ഹി: നിര്‍മാണങ്ങള്‍ പൊളിക്കുന്നത് തടയാന്‍ മറ്റ് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ബുള്‍ഡോസറിന്റെ മുമ്പില്‍ നിലയുറപ്പിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്. ‘എന്റെ മുകളിലൂടെയേ ബുള്‍ഡോസറിന് പോകാനാകൂ’.-അവര്‍ പറഞ്ഞു. ‘ഈ രീതിയില്‍ ആളുകളുടെ വീടുകളും കടകളും പൊളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ എന്നും വ്യക്തമാക്കി. തുടര്‍ന്ന് ബുള്‍ഡോസറിന്റെ മുമ്പില്‍നിന്ന് മാറാതെ ശക്തമായ പ്രതിരോധം തീര്‍ത്തു.
ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന പൊളിക്കല്‍ നടപടികളില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച് ഒരു മണിക്കൂറിനുള്ളില്‍ കോടതി ഉത്തരവുമായി വൃന്ദ കാരാട്ട് ജഹാംഗിര്‍പുരിയില്‍ എത്തുകയായിരുന്നു. പിന്നാലെ അടിയന്തരമായി പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഒഴിപ്പില്‍ നടപടികള്‍ നടക്കുന്ന സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കരുതെന്നും മടങ്ങിപ്പോകണമെന്നും ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. ‘പൊളിക്കല്‍ നടപടികളില്‍ തല്‍സ്ഥിതി തുടരാന്‍ 10.45ന് സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയത്.’-അവര്‍ അവകാശപ്പെട്ടു.