CLOSE

ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ പൊളിക്കരുത്; ജഹാംഗിര്‍പുരിയില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

Share

ഡല്‍ഹി:ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു.

നോട്ടീസ് നല്‍കിയാണ് പൊളിക്കല്‍ നടപടികള്‍ ഉണ്ടായതെന്നാണ് സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെയുള്ളവര്‍ കോടതിയില്‍ പറഞ്ഞത്. ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാംഗില്‍പുരിയില്‍ ഉള്ളവരും ഹര്‍ജിക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇതു സംബന്ധിച്ച് എതിര്‍വാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി. വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്ന് കോടതി സാക്ഷ്യം വഹിച്ചത്.

പൊളിക്കല്‍ നിര്‍ത്തിവെക്കണമെന്ന കോടതിയുടെ ഉത്തരവ് വന്നശേഷവും പൊളിക്കല്‍ നടപടികള്‍ ഒരു മണിക്കൂറോളം തുടര്‍ന്നു. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറടക്കം നടത്തിയ പ്രതികരണങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെ ഈ കാര്യം കാണുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇത് പിന്നീട് പ്രത്യേകം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണ് ഈ പൊളിക്കല്‍ നടപടികള്‍ എന്നതടക്കമുള്ള വാദങ്ങളാണ് ദുഷ്യന്ത് ദവേ നിരത്തിയത്. ബി ജെ പി നേതാവിന്റെ കത്തിന് പിന്നാലെയാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയത്. സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസര്‍. കാടിന്റെ നീതിയാണ് നടപ്പാക്കുന്നത്. നോട്ടീസിനും അപ്പീലിനും വ്യവസ്ഥയുണ്ട്, ഇത് പാലിച്ചിട്ടില്ല എന്നും ദുഷ്യന്ത് ദവേ അഭിപ്രായപ്പെട്ടു.

സമാനമായ വാദമാണ് കപില്‍ സിബലും ഉന്നയിച്ചത്. മതപരമായ യാത്രകള്‍ നടന്നതിന് പിന്നാലെ സംഘര്‍ഷമുണ്ടായാല്‍ ഒരു വിഭാഗത്തിന്റെ വീടുകള്‍ പൊളിക്കുന്ന രീതി തുടരുന്നുന്നെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നു. പൊളിക്കലില്‍ സ്റ്റേ വേണമെന്നും കപില്‍ സിബില്‍ പറഞ്ഞു.

ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭ യാത്രക്കിടെ ജഹാംഗീര്‍പുരിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ അനധികൃത കെട്ടിടങ്ങള്‍ ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കാന്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published.