ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാല്‍. യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 മില്യണ്‍ റിയാലാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിട്ട. ജസ്റ്റിസ് കുര്യന് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി ദയാധനം സംബന്ധിച്ച് നിമിഷ പ്രിയയുമായി ചര്‍ച്ച നടത്തിയത്. 50 മില്യണ്‍ റിയാല്‍ നല്കിയാല് വധശിക്ഷ ഒഴിവാക്കുന്നതും മാപ്പ് നല്‍കുന്നതുമടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് തലാലിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ജസ്റ്റിസ് കുര്യന് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നിയമസഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടറിയിച്ചത്.
2017 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്ദാനനവുമായി വന്ന തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് അടക്കം പിടിച്ചുവെച്ച് ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.