പട്യാല: പട്യാല സംഘര്‍ഷത്തില്‍ ഐ ജി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമെന്നും മാന്‍ വ്യക്തമാക്കി. സംഭവത്തില്‍ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
”പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഒന്നും അനുവദിക്കാവുന്നതല്ല. പട്യാലയിലെ സംഘര്‍ഷങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്. ഡിജിപിയുമായി ഞാന്‍ സംസാരിച്ചു. സ്ഥലത്ത് സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. സ്ഥലത്തെ സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒരാളെയും സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ല. പഞ്ചാബിന്റെ സമാധാനവും സന്തോഷവുമാണ് ഏറ്റവും പ്രധാനം”, ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശിവസേന നടത്തിയ ഖാലിസ്ഥാന്‍ വിരുദ്ധ മാര്‍ച്ചില്‍ വന്‍സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. ഈ മാര്‍ച്ചിനിടെ ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തി. മാര്‍ച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി. ആകാശത്തേക്ക് വെടിവച്ചും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് ഈ സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്. വലിയ സംഘര്‍ഷാവസ്ഥ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പട്യാല നഗരത്തില്‍ തുടര്‍ന്നു. ആളുകള്‍ തമ്മില്‍ കല്ലേറും ഉന്തും തള്ളും സംഘര്‍ഷവുമായി. പോലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
ഇതിനിടെ ജില്ലാ ഭരണകൂടം സമാധാനം പാലിക്കണമെന്നും, ഇരുവിഭാഗങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ച് പറഞ്ഞുതീര്‍ക്കാമെന്നും, ഒരു തരത്തിലും അക്രമം പാടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.