ന്യൂഡല്‍ഹി: ജോലിക്കു കയറിയ ആദ്യ ദിവസം തന്നെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ആശുപത്രിക്കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് 18 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉന്നാവിലെ ടികാന സ്വദേശിയാണ് യുവതി. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി ഉടമ ഉള്‍പ്പെടെ ഏതാനും പേര്‍ കൂട്ടമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാല്‍ യുവതി ബലാല്‍സംഗത്തിന് ഇരയായതായി പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ഉന്നാവോ പൊലീസ് പറഞ്ഞു. യുവതിയുടെ ദേഹത്ത് യാതൊരു വിധ പരിക്കുകളുമില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
പോസ്റ്റ്മോര്‍ട്ടം നടപടികല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ യുവതി ജീവനൊടുക്കിയതാണെന്നാണ് വ്യക്തമാകുന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശശിശേഖര്‍ സിങ് പറഞ്ഞു. അതേസമയം യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ സ്ത്രീകള്‍ക്കു ജീവിതം പേടിസ്വപ്നമായി മാറിയെന്നു കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ആരോപിച്ചു.