ഇതിഹാസ സംഗീതഞ്ജന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
സന്തൂറിനെ ജനകീയമാക്കിയ കലാകാരനാണ് ജമ്മു സ്വദേശിയായ ശിവകുമാര്‍.
പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശര്‍മ്മയുടെ മകനായ ശിവകുമാര്‍ അഞ്ചാം വയസുമുതല്‍ അച്ഛനില്‍ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങി. സന്തൂറിന്റെ ബാലപാഠങ്ങള്‍ മകന് പറഞ്ഞുകൊടുത്തതും ഉമ ദത്തശര്‍മ്മയായിരുന്നു. സന്തൂര്‍ എന്ന ഉപകരണത്തില്‍ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തില്‍ ഇന്‍ഡ്യന്‍ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ശിവകുമാര്‍ 13-ാം വയസില്‍ സന്തൂര്‍ അഭ്യസിച്ചുതുടങ്ങുന്നത്.
മുഗള്‍ ഭരണകാലത്ത് പേര്‍ഷ്യന്‍ സംഗീതധാര ഭാരതീയസംഗീത ധാരയുമായി സംയോഗപ്പെട്ടതിന്റെ വസന്തസൗഭാഗ്യമാണ് ഹിന്ദുസ്ഥാനി. അതില്‍ നിന്ന് പൊഴിഞ്ഞ സൂഫിയാനയുടെ ഗണത്തില്‍പെടും സന്തൂര്‍. പുരാതന കാശ്മീരി സംഗീത ഉപകരണമായ ശതതന്ത്രിവീണ പരിഷ്കരിച്ചാണ് ശിവകുമാര്‍ ശര്‍മ സന്തൂര്‍ രൂപപ്പെടുത്തിയത്.
മനോരമയാണ് ശിവ്കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് ഈ ദമ്ബതികള്‍ക്ക്. മകന് രാഹുലും സന്തൂര്‍ കലാകാരനാണ്. 1996 മുതല്‍ അച്ഛനൊപ്പം രാഹുലും ഒരുമിച്ച് കച്ചേരി നടത്തി തുടങ്ങി.