കോയമ്പത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്. ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ തൃശ്ശൂര്‍ സ്വദേശിനി ധന്യ (39), ഭര്‍ത്താവ് കരുണാനിധി എന്നിവര്‍ക്കെതിരെയാണ് കോയമ്പത്തൂര്‍ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തത്.
സിങ്കാനല്ലൂര്‍ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ക്ലാര്‍ക്ക്, അസിസ്റ്റന്റ്, എച്ച്.ആര് വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും ധന്യ തന്റെ ഡ്രൈവറായ പ്രദീപിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഡീന്‍ ആണ് താനെന്ന് ഇവര്‍ വിശ്വസിപ്പിച്ചതായി പ്രദീപ് ആരോപിക്കുന്നു.
പ്രദീപ് പറഞ്ഞതനുസരിച്ചാണ് ധന്യയെ സൂലൂര്‍ സ്വദേശി നുഫൈലും സുഹൃത്തുക്കളും സമീപിച്ചത്.
തന്റെ സഹോദരിക്ക് നഴ്സ് ജോലിക്കായി മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നെന്ന് പ്രദീപ് യുവാക്കളോട് പറഞ്ഞു. പിന്നാലെ, 10 പേര് 50 ലക്ഷത്തോളം രൂപയും യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ദമ്പതിമാരെ കാണാതായി. പിന്നീട്, ഭക്ഷണവിതരണ കമ്പനിയില്‍ ജോലിക്കുകയറിയ നുഫൈല്‍ ആറുമാസത്തിനു ശേഷം ഭക്ഷണം നല്‍കാനായി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ദമ്പതിമാരെ തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്ന്, തട്ടിപ്പിനിരയായ മറ്റ് ആളുകളോടൊപ്പം മൂന്നു ദിവസത്തോളം ഇവര്‍ സമരം നടത്തി.
അഭിഭാഷകരുടെ സഹായത്തോടെ ധന്യ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കിയെങ്കിലും പണം നല്‍കാത്തതിനെത്തുടര്‍ന്ന് സമരം തുടരുകയായിരുന്നു.