കശ്മീര്‍: ജമ്മുകശ്മീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുമോ എന്നകാര്യത്തില്‍ ആശങ്ക. ഇന്നലെ തന്നെ പതിനഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാണാതായ 40 ഓളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടക്കുമ്‌ബോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.
മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.