നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ചുങ്കാക്കടയില് ഗുണ്ടയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കളിയിക്കാവിള ആര്.സി സ്ട്രീറ്റ് സ്വദേശി മണിയുടെ മകന് റീഗനെ (35) കൊലപ്പെടുത്തിയ കേസിലാണ് കുരുന്തകോട് സ്വദേശി അശോക് (20), അജിന് ജോസ് എന്നിവര്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം.
പൊലീസ് പറയുന്നത് ഇങ്ങനെ: റീഗന് പ്രമുഖ ഗുണ്ടയും, കഞ്ചാവ് വ്യാപാരിയുമാണ്. ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ റീഗന് കൊലപാതകം നടക്കുന്നതിനും നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി ചുങ്കാക്കട ബീവറേജില്‍ നിന്ന് റീഗനും അശോകും, അജിന് ജോസും മദ്യം വാങ്ങിയശേഷം നാല് വഴി പാതയ്ക്ക് സമീപം ഇരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടയില്‍ മൂന്ന് പേര്‍ക്കും ഇടയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ അജിന് ജോസ് റീഗനെ തറയില്‍ തള്ളിയിട്ടശേഷം പുറത്ത് കയറിയിരുന്നു മറച്ച് വച്ചിരുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരണിയല്‍ പൊലീസിന് വിവരം നല്‍കിയത്. ഇരണിയല്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദ്, കുളച്ചല്‍ ഡി.വൈ.എസ്.പി തങ്കരാമന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയശേഷം പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലപ്പെട്ട റീഗന്റെ പേരില്‍ കന്യാകുമാരി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ 20 ലേറെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.