ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം ശക്തം. വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയ രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നാടകീയ രംഗങ്ങളാണ് പ്രതിഷേധത്തിനിടയില്‍ അരങ്ങേറിയത്. എംപിമാരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധിച്ച കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ, ബെന്നി ബഹനാന്, വി കെ ശ്രീകണ്ഠന്, ആന്റോ ആന്റണി, എം കെ രാഘവന്, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്, ടി എന്‍ പ്രതാപന് തുടങ്ങിയവരെ കിംഗ്സ് വേ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സച്ചിന് പൈലറ്റ്, അജയ് മാക്കന്, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്.
രാവിലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പമാണ് സോണിയ ഗാന്ധി ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനെത്തിയത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തുകയാണ്. രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പോലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.