CLOSE

രാഹുല്‍ തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ്

Share

ഡല്‍ഹി: രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രമേയം പാസ്സാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്ന വ്യക്തിയാണ് അശോക് ഗെഹ്ലോട്ട്.

രാഹുല്‍ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തില്‍ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. പിസിസിപ്രസിഡന്റിനെയും എഐസിസി അംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാര്‍ട്ടി അധ്യക്ഷനായിരിക്കുമെന്ന കാര്യത്തിലും പ്രമേയം പാസ്സാക്കിയതായി രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിംഗ് കച്ചാരിയ യോഗത്തിന് ശേഷം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടാണ്. രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് പ്രമേയം അവതരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്. കച്ചാരിയ പറഞ്ഞു.

പിസിസി പ്രസിഡന്റുമാരെയും എഐസിസി അംഗങ്ങളെയും സോണിയാ ഗാന്ധി തന്നെ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിനു മുന്‍പായി പ്രമേയം പാസാക്കാനാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പുതിയ നിര്‍ദ്ദേശത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ചോദ്യങ്ങളുയരുകയാണ്. ഈ മാസം 24 മുതല്‍ 30 വരെയാണു സംഘടനാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീയനേതത്വത്തിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും.

Leave a Reply

Your email address will not be published.