CLOSE

വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ പ്രതിഷേധം രൂക്ഷം

Share

ഡല്‍ഹി: വനിതാ ഹോസ്റ്റലില്‍നിന്നുള്ള പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്ന പരാതിക്ക് പിന്നാലെ ചണ്ഡീഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞദിവസം രാത്രിയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാമ്പസില്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളെ പോലീസെത്തിയാണ് ശാന്തരാക്കിയത്. സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റലിലെ അന്തേവാസിയായ ഒരു പെണ്‍കുട്ടിയെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഒരു പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തുകയും ഇത് പിന്നീട് പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. ശൗചാലയത്തിലെ ദൃശ്യങ്ങളടക്കം ഇതില്‍ ഉള്‍പ്പെടുന്നതായും ആരോപണമുണ്ട്.

സര്‍വകലാശാലയിലെ പ്രതിഷേധങ്ങളുടെ വിവിധ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാത്രി വൈകിയും പെണ്‍കുട്ടികള്‍ കാമ്പസില്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണവിധേയയായ പെണ്‍കുട്ടിയുടേതെന്ന പേരിലും ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പോലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പോലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.