CLOSE

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കറെ നിര്‍ദേശിച്ച് അശോക് ഗെഹ്ലോട്ട്

Share

ന്യൂഡല്‍ഹി: നിയമസഭാ സ്പീക്കറായ സി.പി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് അശോക് ഗെഹ്ലോട്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഗെഹ്ലോട്ട് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കമാന്‍ഡിന് മുന്നില്‍ പുതിയ ഡിമാന്‍ഡ് വെച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി അവസാനംവരെ ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഗെഹ്ലോട്ടിന്റെ വിശ്വസ്തനാണ് സി.പി ജോഷി. 2020 ജൂണില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമത നീക്കം നടന്നപ്പോള്‍ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ ഗെഹ്ലോട്ടിനെ സഹായിച്ചത് സി.പി ജോഷിയുടെ പിന്തുണയായിരുന്നു. സച്ചിന്‍ പൈലറ്റ് അടക്കം 19 എംഎല്‍എമാര്‍ക്ക് അയോഗ്യതാ നോട്ടീസ് നല്‍കിയാണ് ജോഷി അന്ന് വിമതനീക്കം തടഞ്ഞത്.

ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്റെ തീരുമാനപ്രകാരം ഒരാള്‍ക്ക് ഒരു പദവിയെന്ന നിയമം ഗെഹ്ലോട്ട് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷേ, സച്ചിന്‍ പൈലറ്റ് ഒരു കാരണവശാലും മുഖ്യമന്ത്രിയാകരുതെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ഇതിനാണ് അദ്ദേഹം തന്റെ വിശ്വസ്തനായ സി.പി ജോഷിയുടെ പേര് നിര്‍ദേശിച്ചത്.

രാജസ്ഥാനിലെ കന്‍വരിയ ജില്ലയില്‍ ജനിച്ച സി.പി ജോഷിക്ക് നിയമത്തില്‍ ബിരുദവും സൈക്കോളജിയില്‍ പിഎച്ച്ഡിയുമുണ്ട്. കോളേജ് അധ്യാപകനായിരുന്ന ജോഷിയെ മുന്‍ മുഖ്യമന്ത്രിയായ മോഹന്‍ലാല്‍ സുഖാദിയയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1980ല്‍ 29-ാം വയസ്സിലാണ് സി.പി ജോഷി ആദ്യമായി എംഎല്‍എ ആയത്. 2008ല്‍ അദ്ദേഹം രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി. രണ്ടാം യുപിഎ മന്ത്രിസഭയിലും അംഗമായിട്ടുണ്ട്.

Leave a Reply

Your email address will not be published.