ന്യൂ ഡല്‍ഹി: കേരള ദിനാഘോഷത്തിന്റെ ഭാഗമായി രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴല്‍ വാദ്യം ഡല്‍ഹി മലയാളികള്‍ക്ക് പുത്തന്‍ അനുഭവമായി. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ പ്രഗതി മൈതാനിയിലെ ആംഫി തീയറ്ററിലേക്ക് ഒഴുകിയെത്തിയ സംഗീത പ്രേമികള്‍ക്ക് മുന്നില്‍ ജനപ്രിയ ഗാനങ്ങള്‍, ഹിന്ദുസ്ഥാനി സംഗീതം, കര്‍ണാട്ടിക് സംഗീതം എന്നിവ കോര്‍ത്തിണക്കിയ ഓടക്കുഴല്‍ സംഗീതം വേറിട്ട വിരുന്നായി. ആസ്വാദകരുടെ ആവശ്യപ്രകാരം പ്രിയ ഗായകരുടെയും ഇഷ്ട സംഗീത സംവിധായകരുടെയും ജനപ്രിയ ഗാനങ്ങള്‍ പുല്ലാങ്കുഴലിലൂടെ ഒഴുകി എത്തിയതോടെ കാണികള്‍ കരഘോഷം മുഴക്കി പ്രോത്സാഹിപ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന പുല്ലാങ്കുഴല്‍ വാദ്യ വിരുന്ന് പ്രഗതി മൈതാന്‍ അക്ഷരാര്‍ത്ഥത്തില്‍ സംഗീത സാന്ദ്രമാക്കി. ആംഫി തീയറ്ററില്‍ തിങ്ങി നിറഞ്ഞ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഗീതാസ്വാദകര്‍ നല്‍കിയത് മികച്ച പ്രോത്സാഹനമായിരുന്നുവെന്ന് ഫ്‌ലൂട്ട് മാന്ത്രികന്‍ രാജേഷ് ചേര്‍ത്തല അഭിപ്രായപ്പെട്ടു.
കേരള ദിനാഘോഷത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുപ്രീം കോടതി ജഡ്ജി സി.റ്റി രവികുമാര്‍, ഡയറക്ടര്‍ കയര്‍ ഡെവലപ്പ്‌മെന്റ് എ. ഷിബു , റെയില്‍വേ ബോര്‍ഡ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സുബ്ബു റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. കേരള ഹൗസ് കണ്‍ട്രോളര്‍ സി. എ അമീര്‍, അഡീഷണല്‍ ഡയറ്ക്ടര്‍ (ഐ. ആന്‍ഡ് പി. ആര്‍.ഡി) അബ്ദുള്‍ റഷീദ്, ഡെപ്യൂട്ടി ഡയറക്ടമാരായ കെ. സുരേഷ്‌കുമാര്‍, എസ്. ആര്‍. പ്രവീണ്‍, കെ.ജി സന്തോഷ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫ്‌ലൂട്ട് മാന്ത്രികന്‍ രാജേഷ് ചേര്‍ത്തലയേയും സംഘാംഗങ്ങളായ സുമേഷ് ആനന്ദ് , ബിനീഷ്, ജസ്റ്റിന്‍,ലിജിന്‍ ഡേവിസ് കേരള പവിലിയന്റെ ശില്പി സി.ബി ജിനന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനാണ് രാജേഷ് ചേര്‍ത്തല. സംഗീതസംവിധായകന്‍ ജാസി ഗിഫ്റ്റിനൊപ്പമാണ് സിനിമസംഗീത രംഗത്തേക്ക് എത്തിയത്. 150 ലേറെ മലയാള സിനിമകള്‍ക്ക് പുല്ലാങ്കുഴല്‍ വായിച്ചിട്ടുണ്ട്. വിദേശ ഷോകളിലും സജീവമാണ് രാജേഷ് ചേര്‍ത്തല.