മംഗലപുരം: പണവും സ്വര്‍ണവും ചോദിച്ച് അര്‍ധരാത്രിയില്‍ ആയുധങ്ങളുമായി വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി ഷാനവാസ് (38), കൊട്ടാരം തുരുത്ത് സ്വദേശി അന്‍സര്‍ (28), മാടന്‍വിള സ്വദേശി ഷബിന് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്.
കൊലപാതകം, വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയായ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ വിളയാട്ടം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പെരുമാതുറയില്‍ നിന്നാണ് പിടികൂടിയത്. കൂട്ടുപ്രതികളായ അന്‍സറും ഷബിനും മംഗലാപുരം, കഠിനംകുളം, ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളാണ്.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. ആയുധങ്ങളുമായെത്തിയ പ്രതികള്‍ പള്ളിപുറം പുതുവലിലെ നാലു വീടുകളില്‍ കയറി പണവും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് സ്വര്‍ണം കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ ഷമീറിന്റെ വീട്ടിലും പ്രതികള്‍ അക്രമം നടത്തി. ഷമീറിന്റെ വീട്ടിലെത്തിയ പ്രതികള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറി കത്തി കാട്ടി സ്വര്‍ണവും പണവും ആവശ്യപ്പെട്ടു. പിടിവലിക്കിടെ കത്തികൊണ്ട് ഷമീറിന് കഴുത്തിനും കൈക്കും പരിക്കുണ്ട്.
പ്രതികളില്‍ നിന്ന് അക്രമത്തിനുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഗുണ്ടാ ആക്ടില്‍ പെടുത്താനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രതികളെ സഹായിച്ചവരെയും കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്യുമെന്നും മംഗലപുരം ഇന്‍സ്പെക്ടര്‍ എച്ച്.എല്‍ സജീഷ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി.