ഭോപ്പാല്‍: ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമം നിര്‍മിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ പതിനൊന്ന് വയസ്സുകാരന് കഴിഞ്ഞദിവസം ഭോപ്പാലിലെ ബജാരിയ പ്രദേശത്ത് ജീവനൊടുക്കിയിരുന്നു.
ഇത് ഗുരുതരമായ പ്രശ്നമാണെന്നും ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ടാണ് കുട്ടി ജീവനൊടുക്കിയതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരും. നിയമത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്നും ഉടന്‍ അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചക്കാണ് അവധ്പുരി സെന്റ് സേവിയേഴ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സൂര്യന്‍ശ് ഓജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് ഫയര്‍ ഫാള്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് പിതാവ് യോഗേശ് ഓജ വെളിപ്പെടുത്തി. അപകട മരണത്തിന് കേസെടുത്തെങ്കിലും പൊലീസിന് അത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുക്കാനായിട്ടില്ല.