ഉത്തര്‍പ്രദേശ്: ഫെബ്രുവരി 10 മുതല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി സ്ഥിരീകരിച്ചു. യോഗി അയോധ്യയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതിനെ തള്ളിക്കൊണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഫെബ്രുവരി 10 മുതല്‍ 14 വരെ നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഉത്തര്‍പ്രദേശില്‍ ഭരണത്തിലുള്ള ബിജെപി പുറത്തിറക്കിയിരിക്കുന്നത്.
ക്ഷേത്രനഗരങ്ങളായ അയോധ്യയില്‍ നിന്നോ മധുരയില്‍ നിന്നോ യോഗി മത്സരിച്ചേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇത് യോഗിയുടെ കന്നിയങ്കമാണ്. നിലവില്‍ യോഗി ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്. 2017 മാര്‍ച്ചിലാണ് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. യോഗി മത്സരിക്കുന്ന ഗൊരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍ മാര്‍ച്ച് മൂന്നിനാണ് വോട്ടെടുപ്പ് നടക്കുക.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.