പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.
ഡല്‍ഹി കാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈയ്ക്ക് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ഇഷാന്‍ കിഷനെയും തിലക് വര്‍മ്മയെയും മാറ്റിനിര്‍ത്തിയാല്‍ ബാറ്റിംഗ് നിര ശോകമാണ്.
നായകന്‍ രോഹിത് ശര്‍മ ഫോമിലേക്കെത്തിയിട്ടില്ല. അതേസമയം, പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയുടെ ബൗളിംഗ് നിരയിലാണ് ആശങ്കയേറെ. ജസ്പ്രീത് ബുംറ ഒഴികെയുള്ളവര്‍ക്ക് താളം കണ്ടെത്താനായില്ല. രാജസ്ഥാനെതിരെ ബേസില്‍ തമ്ബിയും മുരുഗന്‍ അശ്വിനും മൂന്നോവറില്‍ വിട്ടുകൊടുത്തത് 73 റണ്‍സാണ്.
മൂന്നില്‍ രണ്ടും ജയിച്ചെങ്കിലും കൊല്‍ക്കത്തയ്ക്കും ആശ്വസിക്കാനായിട്ടില്ല. അജിന്‍ക്യ രഹാനെയും വെങ്കടേഷ് അയ്യരും തുടക്കത്തിലെ മടങ്ങുന്നത് മധ്യനിരയുടെ ഭാരം കൂട്ടുന്നു. നായകന്‍ ശ്രേയസ് അയ്യരും നിതീഷ് റാണയും സാം ബില്ലിംഗ്സും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല.ആന്ദ്രേ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. അതേസമയം, ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ന് കളിച്ചേക്കും.